Friday, 24 November 2017

എയർക്കണ്ടീഷൻ

ഉമ്മറത്ത് ആകാശം നോക്കി
അമ്മയെക്കാത്തിരിക്കുമ്പോൾ...

വെയിൽ പൊള്ളിച്ച ദേഹവുമായി
അമ്മ പാടം കയറി വരും...

ഘോര മഴയിലും തണുത്തുറഞ്ഞു
നനുത്ത ചേറു കണക്കിന് അമ്മ വരും...

പരാതിയുണ്ടമ്മയ്ക്ക്; കളിക്കൂട്ടുകാർക്കൊപ്പം
ഞാൻ വെയിലേറ്റതിനും മഴ കൊണ്ടതിനും...

കെട്ടിപ്പിടിച്ചു ശകാരിക്കുമ്പോൾ കിട്ടുന്ന
നിർവൃതിക്ക്; കൊടും ചൂടില്ല, അതിശൈത്യവും...

ജീവിതത്തിൽ ആദ്യമായ് ഏവരും
നുകർന്ന എയർക്കണ്ടീഷൻ ....

വിവാഹാഘോഷങ്ങൾ അഥവാ, ആർഭാടങ്ങളിലെ പൊള്ളത്തരങ്ങൾ ...

വിവാഹ ധൂർത്ത് പരിധികളെല്ലാം ലംഘിച്ച് സിനിമ പിടിക്കുന്നത്ര ചെലവേറിയ ഒന്നായി മാറിയിട്ട് കാലം കുറെയായി. ഇവന്റ് മാനേജ്‌മെന്റുകൾ, കേറ്ററിംഗ് ഗ്രൂപ്പുകൾ, കലാപ്രവർത്തകർ, ഫോട്ടോ-വീഡിയോ ഗ്രാഫേഴ്സ്... തുടങ്ങി പൂവ് വിൽക്കുന്നവർ വരെ ഇതിന്റെ ഗുണഭോക്താക്കളാണ് എന്നത് ശരിതന്നെ.

എന്നാൽ ഇത്രയേറെ കൊട്ടിഘോഷിക്കപെടേണ്ട ഒന്നാണോ വിവാഹം? പരസ്പരം ഇഷ്‌ടപ്പെട്ട് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്ന ലിവിംഗ് ടുഗെദർ സംസ്കാരം (താരതമ്യേന ചെലവ് തീരെ കുറഞ്ഞ ഒരു ഏർപ്പാട്) ഒരു വശത്തു വളർന്നു വരുമ്പോൾ മറുവശത്ത് ലക്ഷങ്ങളിൽ നിന്ന് കോടികളിലേയ്ക്ക് കുതിക്കുകയാണ് വിവാഹാർഭാടങ്ങൾ.

മതപരമായ ഒരു ചടങ്ങു കൂടിയാണ് വിവാഹം. ഏതെങ്കിലും മത വിഭാഗങ്ങൾ വിവാഹ ധൂർത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ളതായി അറിയില്ല. ക്രൈസ്തവ വിഭാഗങ്ങൾ വിവാഹ വേളയിൽ ദാമ്പത്യ ജീവിതത്തിന്റെ കെട്ടുറപ്പിന് നിർദ്ദേശിക്കുന്നത് വി. പൗലോസ് അപ്പസ്തോലന്റെ ലേഖനമാണ്. സഭ മിശിഹായ്ക്ക് കീഴ്‌പ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാർ എല്ലാക്കാര്യത്തിലും ഭർത്താക്കന്മാർക്ക് കീഴ് പ്പെട്ടിരിക്കണമത്രേ !

ആധുനിക ലോകത്തിനു ചേർന്ന ഒരു ഉപദേശമാണോ ഇത്? കാലാന്തരത്തിൽ പരിഷ്കരിക്കപ്പെടേണ്ടതിനു പകരം യാഥാസ്ഥിതിക പാരമ്പര്യ വാദങ്ങൾ അടിച്ചേൽപിക്കുന്നതിലൂടെ വിവാഹ ബന്ധത്തിന്റെ കെട്ടുറപ്പ് ബലപ്പെടുകയല്ല; തളരുന്നതായിട്ട് വേണം കരുതാൻ. നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഭർത്താവിനെതിരെ കേസ് കൊടുക്കുന്നതിൽ തുടങ്ങി വിവാഹ മോചനം വരെ എത്രയെത്രെ കേസുകൾക്ക് യാഥാസ്ഥിതികമായ ഇത്തരം ഉപദേശങ്ങൾ ഇട നൽകിയിട്ടുണ്ടാകും ?

എന്തുമാത്രം ആർഭാടത്തോടെ വിവാഹാഘോഷം നടത്തി എന്നതിന്റെ അടിസ്ഥാനത്തിൽ മെച്ചപ്പെടുത്താവുന്ന ഒന്നല്ല വിവാഹ ജീവിതമെന്ന പരീക്ഷണം. വിട്ടുവീഴ്ചകളുടെയും പരസ്പര ധാരണകളുടെയും ഇല്ലായ്‌മയിൽ കാണിക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും ... ഒക്കെ സമ്മിശ്ര രസക്കൂട്ടാണത്‌.

ചിലർ വിജയിക്കാൻ വേണ്ടി വിവാഹ മോചനം നേടുമ്പോൾ മറ്റേയാൾ പരാജയം സമ്മതിക്കുകയാണ്. വൈവാഹിക ജീവിതമെന്ന പരീക്ഷണത്തിൽ തോറ്റു പിൻവാങ്ങി ബന്ധം വേർപിരിഞ്ഞവരിൽ വിവാഹം നടന്ന് പിറ്റേന്ന് മുതൽ അമ്പതാം വിവാഹ വാർഷികം ആഘോഷിച്ചവർ വരെയുണ്ട് എന്ന കണക്കുകൾ കൂടി പരിശോധിക്കുമ്പോളാണ് വിവാഹ ധൂർത്ത് ചിരിക്കു വക നൽകുന്ന കോമാളിത്തരമാകുന്നത്.

ആശ്രിതത്വം

വർഷങ്ങൾ നീണ്ട ആദ്യ ദാമ്പത്യജീവിതം വേർപെടുത്തി രണ്ടാമത് വിവാഹം കഴിച്ച ശാന്തികൃഷ്ണ വർഷങ്ങൾക്ക് ശേഷം അതും വേർപെടുത്തി. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചുവന്ന ശാന്തികൃഷ്ണ ജീവിതത്തെക്കുറിച്ചു നടത്തിയ നിരീക്ഷണം പ്രസക്തമാണ്.

ആശ്രിതത്വമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നാണ് പരാജിതമായ ജീവിത യാഥാർഥ്യങ്ങളിൽ നിന്നും അവർ കണ്ടെത്തിയത്. സെലിബ്രിറ്റി സ്റ്റാറ്റസിൽ നിന്നും വിവാഹ ജീവിതമെന്ന യാഥാർഥ്യത്തിൽ എത്തിപ്പെട്ട് നാളുകൾ കഴിയുമ്പോൾ അസ്വസ്ഥതകൾ തുടങ്ങുകയായി; ഇതിനു കാരണം ആശ്രിതത്വമാണ് എന്ന ശാന്തികൃഷ്ണയുടെ നിരീക്ഷണം ഒത്തുപോകാൻ കഴിയാതെ കുഴങ്ങുന്ന ആധുനിക കുടുംബ ജീവിത സമസ്യയ്ക്കുള്ള ഉത്തമമായ ഉത്തരമാണ്.

ഇതു പഴയ കാലങ്ങളിലും നിലനിന്നിരുന്ന യാഥാർഥ്യമാണ്. പുരുഷമേധാവിത്വം എന്നുവിളിച്ച് നമ്മൾ അധിക്ഷേപിക്കുന്ന ഒരു കാലഘട്ടമുണ്ട്. അധ്വാനിക്കുന്ന പുരുഷനും ആശ്രിതരായ കുടുംബാംഗങ്ങളും. കായികമായി ഏറെ ക്ലേശകരമായ ജോലികൾ ചെയ്തു കിട്ടുന്ന തുച്ഛമായ കൂലി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ തികയാതെ വ്യാകുലപ്പെട്ട അവസ്ഥയിൽ കുടുംബനാഥൻ തന്റെ പ്രകോപനങ്ങൾ മുഴുവൻ തീർത്തിരുന്നത് ആശ്രിതരായ ഭാര്യയോടും കുട്ടികളോടുമായിരുന്നു.

കുട്ടികളോടുള്ള അതിക്രമ വാർത്തകളോ ആക്രമിക്കപ്പെട്ട വീട്ടമ്മമാരുടെ കേസുകളോ അന്നുണ്ടായില്ല; കാരണം, അവർക്ക് ആശ്രയം അവരെ ആക്രമിക്കുന്ന ആ കുടുംബ നാഥൻ തന്നെയായിരുന്നു. അയാളിൽ ആശ്രയിക്കുക എന്നതിൽ കവിഞ്ഞ് മറ്റൊരു സാധ്യത അവർക്കുണ്ടായിരുന്നില്ല.സഹനം എന്ന് വേണമെങ്കിൽ വിളിച്ച് വിശുദ്ധ പദവി നൽകാം.

പുരുഷനോടൊപ്പം സ്ത്രീയും കാർഷികേതര വിഭാഗത്തിൽ അധ്വാനത്തിൽ ഭാഗഭാക്കാകുകയും വരുമാനം നേടുകയും ചെയ്തപ്പോൾ കേരളത്തിൽ പോലും വർഷങ്ങൾക്ക് മുൻപേ ചില പൊട്ടിത്തെറികളും ചീറ്റലുകളും സംഭവിച്ചു തുടങ്ങി.

അതിനെ വെല്ലുന്ന ദുരവസ്ഥയാണ് ഇന്നു യു.കെ. മലയാളികൾ (മല്ലൂസ്) നേരിടുന്നത്; കാരണം, ഇവിടെ ആശ്രിതൻ പുരുഷനും ആശ്രയം സ്ത്രീയുമാണ് ? ഇതൊരുപക്ഷേ ഗൗരവമായി പരിഗണിക്കേണ്ട വിഷയമല്ലേ ?

വൃദ്ധയും പട്ടിയും

തിരിഞ്ഞു നോക്കാൻ ഒരു പട്ടിപോലുമില്ലെന്നു വിലപിച്ചാക്ക്രോശിക്കുന്ന സാഹചര്യം എപ്പോഴെങ്കിലുമൊക്കെ മനുഷ്യ ജീവിതത്തിൽ സംഭവിക്കുക സ്വാഭാവികമാണ്. സാമ്പത്തിക പരാധീനത, അനാരോഗ്യം,വാർധക്യം... കാരണങ്ങൾ പലതാകാം.
മൊബിലിറ്റി സ്‌കൂട്ടറിൽ (നടക്കാൻ വിഷമമുള്ളവർക്ക് വീൽ ചെയറിനു സമാനമായി ഇരുന്നു യാത്ര ചെയ്യാൻ സഹായിക്കുന്ന ബാറ്ററി ഘടിപ്പിച്ച വാഹനം) റോഡു മുറിച്ചു കടക്കാൻ ട്രാഫിക്ക് ഊഴം കാത്തിരിക്കുന്ന വൃദ്ധയായ വെള്ളക്കാരിയോടൊപ്പം ഒരു പട്ടിയും!
പട്ടിയുടെ നിയന്ത്രണം സംബന്ധിച്ച യാതൊരു വസ്തുവും വൃദ്ധയുടെ കൈയിലില്ല; ദാഹത്തിനു കൊടുക്കാൻ ഒരു കുപ്പി വെള്ളവും അതു പകർന്നു നൽകാനുള്ള ചെറുപാത്രവുമല്ലാതെ...
പട്ടിയുടെ പെരുമാറ്റത്തിൽ നിന്നും മനുഷ്യരായ നമുക്കെന്തെങ്കിലും പഠിക്കാൻ തക്കതായിട്ടുണ്ടോ? അതോ പട്ടി മനുഷ്യരെ അപേക്ഷിച്ച് തീരെ തരംതാണ ഒരു ജീവി മാത്രമോ?

Thursday, 27 October 2016

കര്‍ഷകര്‍ മുതല്‍ തീവ്രവാദി വരെ

നീതി നിഷേധവും അധികാര കേന്ദ്രങ്ങളില്‍ നിന്നുള്ള അവഗണനയും സഹിച്ചു പൊറുതി മുട്ടുമ്പോള്‍ താന്‍ ചത്തിട്ടായാലും പ്രതികാരം ചെയ്യണമെന്ന ആഗ്രഹം ഒരാളില്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്.

വെള്ളറട വില്ലേജ് ഓഫീസ് കത്തിക്കല്‍ ശ്രമം ഉദാഹരണം. ഇത്തരം പ്രതികാരങ്ങള്‍ സാര്‍വ്വത്രികമാകാത്തതിന്റെ കാരണം ജനങ്ങള്‍ക്ക് ഭരണകൂടങ്ങളില്‍ ഉള്ള ഭീതിയും സ്വന്തം ജീവിതം കോഞ്ഞാട്ട ആകുമെന്ന ബോധ്യവുമാണ്.

വ്യക്തികളില്‍ രൂപപ്പെടുന്ന ഇത്തരം പ്രതികാര ചിന്തകളിലധികവും ആര്‍ക്കും ഭീഷണിയാകാതെ കെട്ടടങ്ങുമ്പോള്‍; മറുവശത്ത്, ഒരു സമൂഹമെന്ന നിലയില്‍ ആള്‍ക്കൂട്ടം അതേറ്റെടുക്കുകയും കൂട്ടമായി ക്രൂരമായ പ്രതികാര നടപടികളിലേയ്ക്ക് തിരിയുകയും ചെയ്യുന്നു! ഭരണകൂടങ്ങളോടും സാമ്രാജ്യത്വ ശക്തികളോടുമെന്ന മട്ടില്‍ കാട്ടിക്കൂട്ടുന്ന ഇത്തരം തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങളിലൂടെ ലോകരാജ്യങ്ങളില്‍ പൊലിഞ്ഞിട്ടുള്ളത് അധികവും സാധാരണ ജനങ്ങളുടെ ജീവനാണ്.

ഗുണ്ടാ - ക്വട്ടേഷന്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഉപജീവനം എന്നത് ആധുനിക സാമൂഹ്യ വ്യവസ്ഥിതികളുടെ സൃഷ്ടിയാണ്. പണമാണ് വിഷയം. കൃഷിപ്പണിയില്‍ ഏറെ നന്മയുണ്ട്; പക്ഷേ പണമില്ലാത്തതിന്റെ പേരില്‍ കടം കയറി മുടിഞ്ഞ് ആത്മഹത്യയില്‍ അഭയം തേടേണ്ട ഗതികേടിലാണ് കൃഷിക്കാരന്‍. കടം വാങ്ങിയ അവസാന നാണയതുട്ടു കൊടുത്തു വിഷം വാങ്ങി സ്വയം ജീവനെടുക്കുന്നതിലൂടെ അവന്‍ സമൂഹത്തിന് യാതൊരു പോറലുമേല്‍പിക്കാതെ തീവ്രവാദിയായി സ്വയം കൊല്ലുന്നു...

അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികളുടെ നേതൃത്തത്തില്‍ ലോകരാജ്യങ്ങളില്‍ സമാധാനം / ജനാധിപത്യം സ്ഥാപിക്കാന്‍ എന്ന വ്യാജേന നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ ഉപോല്‍പന്നമാണ് ഇന്ന് ലോകവ്യാപകമായി പടര്‍ന്നു പന്തലിച്ച തീവ്രവാദ സംഘങ്ങളിലേറെയും.

ഈ രാജ്യങ്ങളിലെ നഷ്ടങ്ങളുടെ വിലയറിഞ്ഞ ജനങ്ങള്‍ സാമ്രാജ്യത്വ ശക്തികളോട് പ്രതികാരത്തിനു ശ്രമിക്കും; പ്രത്യേകിച്ചും ആയുധവും പണവും യഥേഷ്ടം ലഭ്യമാക്കാന്‍ കരുത്തുള്ള ശക്തികള്‍ പിന്നിലുള്ളപ്പോള്‍. അങ്ങനെ തീവ്രവാദമെന്നാല്‍ മുസ്ലിമിന്റെ പര്യായമായി ചിലരെങ്കിലും വ്യാഖ്യാനിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങളെത്തി. നിരവധി ഭീകരവാദ ഗ്രൂപ്പുകള്‍ക്കൊടുവില്‍ ലോക രാജ്യങ്ങളില്‍ ഭീതി വിതച്ചു മുന്നേറുകയാണ് ഇസ്ലമിക സ്റ്റേറ്റ് (ഐ.എസ്.)എന്ന തീവ്രവാദ സംഘടന.

കേരളത്തില്‍നിന്ന് അന്യസംസ്ഥാനങ്ങളിലേയ്ക്കും വിദേശ രാജ്യങ്ങളിലേയ്ക്കും മലയാളികള്‍ ഒറ്റയ്ക്കും കൂട്ടമായും എത്തിപ്പെട്ടത് തന്റെയും കുടുംബത്തിന്റെയും നിലനില്‍പിനും അഭിവൃദ്ധിക്കും വേണ്ടിയാണ്. മരുഭൂമിയില്‍ ചുട്ടു പഴുത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയ നാനാജാതി മതസ്ഥര്‍ മനുഷ്യത്വമുള്ളവരായി പരിണമിച്ചതിനു പിന്നില്‍ തന്റെയും സഹജീവികളുടെയും ജീവിതത്തോടുള്ള തീവ്ര സ്നേഹമല്ലാതെ മറ്റൊന്നല്ല.

എന്നാല്‍ അടുത്ത കാലത്തായി കേരളത്തില്‍ നിന്നുള്ള ചിലര്‍ക്ക് ഇസ്ലാമിക സ്റ്റേറ്റ് എന്ന ഭീകര പ്രസ്ഥാനവുമായി ബന്ധമുണ്ടെന്ന വാര്‍ത്ത‍ കേള്‍ക്കുന്നു. ഇവരില്‍ പലരും അഭ്യസ്തവിദ്യരും ചിലരെങ്കിലും സാമ്പത്തികമായ നല്ല അടിത്തറയുള്ളവരുമാണ്.

ഇവിടെയാണ് പരോക്ഷമായെങ്കിലും മതങ്ങള്‍ വിമര്‍ശിക്കപ്പെടുന്നത്. കടം കയറി മുടിയുന്ന കര്‍ഷകനും ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടയും തീവ്രവാദത്തിലേര്‍പ്പെടുന്ന ഭീകരനും മത വിശ്വാസി ആകുന്നു എന്നതില്‍ വിരോധാഭാസമുണ്ട്.

വിഷം വാങ്ങുന്നതിനു മുമ്പ് വരെ ദൈവാനുഗ്രഹം പ്രതീക്ഷിച്ച് കൈയ്യിലുണ്ടായിരുന്ന തുട്ട് നേര്‍ച്ച ഇടുന്ന പാവം കര്‍ഷകനും അവന്റെ ദുരിതവും അവന്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിന് വിഷയമല്ല. ആത്മഹത്യ ചെയ്തതിന്റെ പേരില്‍ ശവത്തിനു ചില ഭ്രഷ്ട് കല്‍പിച്ചു എന്നും വരും.

കുറ്റകൃത്യങ്ങളിലൂടെയും അനീതിയിലൂടെയും കൊള്ളലാഭം കൊയ്തു പണക്കാരനായവനെ മതമേധാവികളും പുരോഹിതവര്‍ഗ്ഗവും വിശിഷ്ട സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കാറാണ് പതിവ്.

നിരപരാധികളെ കൊന്നു തള്ളുന്ന ഭീകരനെ സ്വര്‍ഗ്ഗത്തിന്റെയും ദൈവത്തിന്റെയും പടയാളിയായി മഹത്വീകരിച്ച് മതപ്രചാരണത്തിന്റെ ആധുനിക അപ്പസ്തോലന്മാരായി വാഴിക്കുന്നു.

കൂരിരുട്ടില്‍ പരസ്പരം വെട്ടിയും കുത്തിയും വെടി വച്ചും ബോംബ്‌ വര്‍ഷിച്ചും കൊന്നും കൊല്ലപ്പെട്ടും മുന്നേറുന്നിടത്ത് മതങ്ങള്‍ തെളിക്കുന്ന വെളിച്ചം അരണ്ടതും അവ്യക്തവുമാണ്.Saturday, 14 May 2016

വധഭീഷണി നേരിടുന്ന മതേതര മനസ്സ്

ഇന്ത്യയില്‍ മറ്റെല്ലായിടത്തുമെന്നതുപോലെ കേരളത്തിലും ചരിത്രാതീത കാലം മുതല്‍ ഇന്നുവരെയും ഹൈന്ദവ സമൂഹമാണ് ജനസംഖ്യയില്‍ ഭൂരിപക്ഷം. ചാതുര്‍വര്‍ണ്ണ്യം അതിന്റെ എല്ലാ നന്മ-തിന്മകളോടും കൂടി നടമാടിയിരുന്ന കൊച്ചു നാട്യ രാജ്യം; അതായിരുന്നു നമ്മുടെ കേരളം.

രാജഭരണത്തില്‍ നിന്നു വിടുതല്‍ നേടി ജനാധിപത്യ സംവിധാനം നിലവില്‍ വന്ന കാലഘട്ടം മുതല്‍ കേരളീയ രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രസ്ഥാനങ്ങളാണ്‌ ഇടതു-വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍.

ജാതി-മത ഭേദമെന്യേ അന്നത്തെ ജനതയെ മുഖ്യമായും അലട്ടിയിരുന്നത് ദാരിദ്ര്യം തന്നെയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോക ചരിത്രത്തില്‍ ആദ്യമായി ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസ്ഥാനമായി അധികാരസ്ഥാനത്തെത്തുന്നതും നമ്മുടെ കൊച്ചു കേരളത്തിലാണ്.

ഹിന്ദുക്കള്‍ക്ക് വേണ്ടി അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി അതുമല്ലെങ്കില്‍ മുസ്ലിമുകള്‍ക്ക്‌ വേണ്ടി എന്നൊന്നും പറഞ്ഞ് വേര്‍തിരിച്ച് പ്രശ്ന പരിഹാരങ്ങള്‍ തേടേണ്ട സാഹചര്യം അന്നുണ്ടായിരുന്നില്ല; പകരം എല്ലാ ജാതി മത സമുദായങ്ങളിലും വരുന്ന ബഹുഭൂരിപക്ഷം ജനതയ്ക്ക് തുല്യനീതി, ചൂഷിത വ്യവസ്ഥിതിയില്‍ നിന്നു മോചനം... തുടങ്ങിയ സാമൂഹ്യ മാറ്റങ്ങള്‍ക്ക് ഇടതു-വലതു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നല്‍കിയ സംഭാവന ചെറുതല്ല.

സാമൂഹ്യ നീതിക്കു വേണ്ടി കൊല്ലും കൊലയും ചെയ്തു എങ്ങുമെത്താതെ നിഷ്കാസിതാരയവര്‍, വിപ്ലവ രാഷ്ട്രീയത്തിലൂടെയും അല്ലാതെയും അധികാരങ്ങളില്‍ അവരോധിക്കപ്പെട്ടവര്‍, പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട് അധികാരം നില നിര്‍ത്താന്‍ പരസ്പരം മത്സരിച്ച ഇടതു വലതു പക്ഷങ്ങള്‍... ഇതൊക്കെയാണ് കഴിഞ്ഞ കാലം വരെയുള്ള കേരള രാഷ്ട്രീയ രംഗം.

എന്നാല്‍ ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഏറ്റവും കൂടിയ ഭൂരിപക്ഷത്തില്‍ ജാതി രാഷ്ട്രീയത്തിലൂടെ അധികാരം സ്ഥാപിച്ച ഭാരതീയ ജനതാ പാര്‍ട്ടി കേരളത്തില്‍ ഒരു മൂന്നാം മുന്നണി ആയി രംഗപ്രവേശം ചെയ്തിരിക്കുന്നു.

കേരളം ഇന്നു കാണുന്ന രീതിയില്‍ അഭിവൃദ്ധിപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു കാരണം മുഖ്യമായും കേരള ജനത (ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിമുകളും) സംസ്ഥാനത്തിനു പുറത്തും രാജ്യം വിട്ടും അധ്വാനിക്കാന്‍ തയ്യാറായതിന്റെ അനന്തര ഫലമാണ്‌.

അടുത്ത കാലത്തായി കേട്ടു തുടങ്ങിയ ന്യൂനപക്ഷ പ്രീണന നയമാണ് മൂന്നാം മുന്നണിയുടെ ആവിര്‍ഭാവത്തിനു മൂര്‍ച്ച കൂട്ടിയത്. ഇടതു പക്ഷത്തേക്കാള്‍ ഇക്കാര്യത്തില്‍ കുറ്റകരമായ വിചാരണ നേരിടുന്നത് വലതുപക്ഷ മുന്നണിയാണ്.

നല്ല ജോലിയും ശമ്പളവും ലഭിക്കണമെങ്കില്‍ നാടു വിടണമെന്ന കീഴ്വഴക്കമാണ് ഭൂരിപക്ഷത്തും ന്യൂനപക്ഷത്തുമുള്ള നാനാജാതി മതസ്ഥരെ പ്രവാസികളാക്കിയത് എന്ന സത്യം നില നില്‍ക്കുമ്പോഴാണ് കേരളത്തില്‍ ഇങ്ങനെയൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിയുന്നത് എന്നത് കൌതുകകരമാണ്.

നാരായണ ഗുരു മുതല്‍ സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി... തുടങ്ങി നിരവധി സാമൂഹ്യ പരിഷ്കര്‍ത്താക്കള്‍ (എല്ലാവരും ഭൂരിപക്ഷ ഹൈന്ദവ സമൂഹത്തില്‍ നിന്നുള്ളവര്‍) കാട്ടി തന്ന വഴിയിലൂടെ ഇത്ര ദൂരം സഞ്ചരിച്ച നമ്മള്‍ ബഹുജാതി മലയാളികള്‍ പഴയ ദാരിദ്ര്യവും ചൂഷക വ്യവസ്ഥിതിയും സാമൂഹ്യ അനീതിയും ഒരു പരിധിവരെ തുടച്ചു നീക്കി മുന്നേറിയപ്പോള്‍ ജാതിരാഷ്ട്രീയത്തിന്റെ പേരില്‍ അധികാരം കൈയ്യാളാന്‍ ഒരു വിഭാഗം ശ്രമിക്കുന്നു എന്നത് തികച്ചും ലജ്ജാകരമാണ്.

ജാതിയും മതവും ആചാരവും അനുഷ്ടാനങ്ങളും ഓരോരുത്തരുടെയും സ്വകാര്യ അവകാശങ്ങള്‍ മാത്രമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശശുദ്ധി നല്ലതായിരിക്കാം; പക്ഷേ, അവരെ പിന്തുണച്ച, അല്ലെങ്കില്‍ പിന്തുണച്ചുകൊണ്ടിരിക്കുന്ന തീവ്ര ജാതി-മത വിഭാഗങ്ങള്‍ സമൂഹത്തില്‍ അസഹിഷ്ണുത വിതറും; അതാണല്ലോ ഈ കേന്ദ്ര സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇന്ത്യയൊട്ടുക്കും നാം കണ്ടുകൊണ്ടിരിക്കുന്നത്? ഇപ്പോള്‍ ഒട്ടൊക്കെ ശമനം ഉണ്ടെങ്കില്‍ കൂടി.

കേരളത്തില്‍ ഇതിന് സാധ്യത തീരെയില്ലായിരുന്നു ഇതുവരെ. ഇടതു-വലത് പുരോഗമന പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട നിരവധിയാളുകളുടെ നിതാന്ത ജാഗ്രത ഒന്നുമാത്രമായിരുന്നു കാരണം. അത് വധിക്കപ്പെടാതെ കാത്തു സൂക്ഷിക്കുക എന്നതാണ് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഓരോ മലയാളിയുടെയും ആത്യന്തികമായ കടമ.

സാബു ജോസ്Saturday, 9 April 2016

അവഗണന നേരിടുന്ന മുന്നറിയിപ്പുകള്‍

നിയമപരമായ മുന്നറിയിപ്പുകള്‍ പാടെ അവഗണിക്കുകയോ ഭാഗികമായി തള്ളിക്കളയുകയോ ചെയ്യുക എന്നത് മലയാളികളുടെ അടിസ്ഥാന സ്വഭാവ സവിശേഷതയാണ്. "അമിതമായാല്‍ അമൃതും വിഷം" എന്ന പ്രാചീന തത്വം നാഴികയ്ക്ക് നാല്‍പതു വട്ടം പുലമ്പുമ്പോഴും സ്വന്തം ജീവിതത്തില്‍ അത് പ്രാവര്‍ത്തികമാക്കുന്നതില്‍ തികഞ്ഞ പരാജയമായി മാറുന്നു ആധുനിക മലയാളി.

കരള്‍ രോഗവും ചികിത്സയും സംബന്ധിച്ച ആശങ്കകളെ കുറിച്ച് ഫ്ലവേഴ്സ് ടി.വി. സംപ്രേക്ഷണം ചെയ്ത സംവാദം ഇതിന് അടിവരയിടുന്നതാണ്. കരള്‍ രോഗികളില്‍ നാല്‍പതു ശതമാനത്തില്‍ താഴെയുള്ളവര്‍ അമിത മദ്യപാനം മൂലം ആ രോഗത്തിന് അടിപ്പെടുമ്പോള്‍ അറുപതിലധികം ശതമാനം മറ്റു കാരണങ്ങളാല്‍ ആണെന്നത് ഞെട്ടിപ്പിക്കുന്ന യഥാര്‍ത്ഥ്യമാണ്.

അമിത ഭക്ഷണം, ഫാസ്റ്റ് ഫുഡ്, എണ്ണ പലഹാരങ്ങള്‍, എണ്ണ വലിച്ചെടുക്കുന്നതിനായി പത്രക്കടലാസ് ഉപയോഗിക്കുന്നത്, രാസപദാര്‍ത്ഥങ്ങളടങ്ങിയ പാനീയങ്ങള്‍, ഇംഗ്ലീഷ് മരുന്നുകളുടെ അമിത ഉപയോഗം, മറ്റു രോഗങ്ങള്‍.... തുടങ്ങി കരള്‍ രോഗത്തിലെയ്ക്ക് നയിക്കാന്‍ പര്യാപ്തമായ ഘടകങ്ങള്‍ അനേകമാണെന്നിരിക്കെ അമിത മദ്യപാനം മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയായ ബോധവല്‍ക്കരണത്തെ വഴി തെറ്റിക്കുന്നതാണ്.

പകലന്തിയോളം പാടത്തും പറമ്പിലും സൂര്യതാപമേറ്റു പണി ചെയ്തിരുന്നവര്‍ക്ക് മരത്തണല്‍ നല്‍കിയ കുളിര്‍മ്മ ഇന്നത്തെ ഏ.സി. റൂമുകള്‍ക്ക് പോലും നല്‍കാന്‍ കഴിയുന്നില്ല. അശാസ്ത്രീയമായി പടുത്തുയര്‍ത്തിയ പടുകൂറ്റന്‍ കോണ്ക്രീറ്റ് മാളികകളില്‍ അന്തിയുറങ്ങാന്‍ കഴിയാതെ വിയര്‍ത്തൊലിക്കുകയാണ് ആധുനിക സമൂഹം.

വികസിത രാജ്യങ്ങളില്‍ പോലും ഭവന നിര്‍മ്മാണം ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിധേയമായി നിര്‍വ്വഹിക്കപ്പെടുമ്പോള്‍ മര്യാദയുടെ സകല സീമകളും ലംഘിച്ച് വികസിത രാജ്യങ്ങളിലെതിനു സമാനമായ തുകയ്ക്ക് താമസിക്കാന്‍ ആളില്ലാത്ത നൂറു കണക്കിന് കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും നിര്‍മ്മാണം ഒരുവശത്ത് വ്യക്തികളുടെ സാമ്പത്തികാടിത്തറയ്ക്ക് തുരങ്കം വയ്ക്കുമ്പോള്‍ മറുവശത്ത് തകിടം മറിക്കുന്നത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെക്കൂടിയാണ്.

എട്ടും പത്തും പേരടങ്ങിയ കുടുംബം ഒന്നോ രണ്ടോ മുറികള്‍ മാത്രമുള്ള കൊച്ചു വീടുകളില്‍ അന്തിയുറങ്ങിയ കാലം ഏറെ വിദൂരമോന്നുമല്ല മലയാളിക്ക്. ദാരിദ്ര്യവും പട്ടിണിയും കൊടുമ്പിരി കൊണ്ടിരുന്ന പഴയ കാലത്ത് രോഗങ്ങള്‍ ഇത്ര കണ്ട് മലയാളിയെ ഗ്രസിച്ചിരുന്നില്ല. ആഹാരം, വസ്ത്രം, പാര്‍പ്പിടം, മദ്യം തുടങ്ങിയ കാര്യങ്ങളില്‍ മലയാളി നടത്തിയ ഹാനികരമായ ആസക്തിക്ക് ഇന്നു കേരളം നേരിടുന്ന അനേകം വെല്ലുവിളികളുമായി അഭേദ്യമായ ബന്ധമുണ്ട്.

ചിലര്‍ ഇതിനെല്ലാം പരിഹാരമായി കാണുന്നത് ഭക്തിയും ആത്മീയതയുമാണ്. അത് ഇതിനെക്കാള്‍ അപകടകാരിയാണ് എന്നു സമ്മതിക്കാതെ തരമില്ല. ഒരേ ആരാധനയും അനുഷ്ടാനവും പിന്തുടരുന്നവര്‍ ഇനം തിരിഞ്ഞ് പ്രാര്‍ത്ഥനയും ആത്മീയതയും അനുവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ എല്ലാവരും നീചരും നിക്രുഷ്ടരും പാപികളുമാണെന്ന തോന്നല്‍ ഉളവാകുകയും മാനസികമായ വേര്‍തിരിവുകള്‍ സംജാതമാകുകയും ചെയ്യും.

സമൂഹമെന്ന നിലയില്‍ മുന്നേറാന്‍ കഴിയാതെ, ആത്മാര്‍ത്ഥതയില്ലാത്ത വ്യക്തികളുടെയും കുടുംബങ്ങളുടെയും കൂട്ടമായി അധപതിക്കുക എന്നതാണ് ഇതിന്റെ പരിണിതഫലം. അതാണ് കേരളത്തിലും പുറത്തും വിദേശത്ത് എവിടെയും വര്‍ത്തമാന കാലത്ത് നമ്മള്‍ നേരിടുന്ന ദുര്യോഗം.

സാബു ജോസ്